വാഷിംഗ്ടൺ ഡിസി: വെനസ്വേലയുമായി ലോകചരിത്രത്തിലെതന്നെ ഏറ്റവും വലിയ എണ്ണക്കരാർ ഒപ്പുവച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെനസ്വേലയിലെ എണ്ണപ്പാടങ്ങളിൽനിന്നുള്ള ഉത്പാദനവും ലാഭകരമായി സ്വന്തമാക്കാനുമാണു കരാറിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, വെനസ്വേലയിലെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവച്ചത്.
മാസങ്ങൾക്കുമുന്പ്, പ്രസിഡന്റ് നികോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പുറത്താക്കി അമേരിക്കയിലേക്കു കൊണ്ടുപോയതിനു പിന്നാലെയാണ് എണ്ണക്കരാർ. മഡുറോയ്ക്കു ശേഷം അധികാരത്തിൽ വന്ന ഡെൽസി റോഡ്രിഗസ്, രണ്ടു പതിറ്റാണ്ടുകളായി തുടരുന്ന സോഷ്യലിസ്റ്റ് നയങ്ങൾ മാറ്റിവച്ച് എണ്ണ മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നിയമത്തിൽ ഒപ്പുവച്ചിരുന്നു.
കരാർ അനുസരിച്ച് വെനസ്വേലയിലെ 17 എണ്ണപ്പാടങ്ങളിലായി സ്ഥിതി ചെയ്യുന്ന ശേഖരം അമേരിക്കയുടെ കരങ്ങളിലെത്തും. വരും നാളുകളിൽ ഏകദേശം 100 ബില്യൺ യുഎസ് ഡോളറിന്റെ സ്വകാര്യനിക്ഷേപം വെനസ്വേലയിലേക്ക് എത്തും. ഇതുവഴി രാജ്യത്തിനു നികുതി ഇനത്തിൽ ഇരുപതു ലക്ഷം കോടിയിലേറെ വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്. നൂറു വർഷത്തേക്ക് എണ്ണപ്പാടങ്ങളുടെ ഉടമസ്ഥാവകാശം അമേരിക്കയ്ക്കും അമേരിക്ക നിർദേശിക്കുന്ന സ്വകാര്യ കന്പനിക്കുമുള്ളതാകും. സൗദി അരാംകോയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ ശേഖരമുള്ള കമ്പനിയായി ഇതു മാറും. പുതിയ കമ്പനിയുടെ ഉത്പാദനത്തിന്റെ 55 ശതമാനത്തോളം നിയന്ത്രണം അമേരിക്കയ്ക്കു മാത്രമായിരിക്കും.
ഇറാനുമായുള്ള യുദ്ധം പേർഷ്യൻ ഉൾക്കടലിലൂടെയുള്ള എണ്ണ വിതരണം തടസപ്പെടുകയും അമേരിക്കയിൽ ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തിരുന്നു. രാജ്യത്തെ അടിയന്തര എണ്ണ ശേഖരം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ട്രംപ് വെനസ്വേലയിലെ എണ്ണ ശേഖരത്തിലേക്കു തിരിഞ്ഞത്. യുഎസിന്റെ അടിയന്തര ആവശ്യങ്ങൾക്കും സൈനിക ആവശ്യങ്ങൾക്കും എണ്ണ ഉപയോഗിക്കും.
ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണ ശേഖരമുള്ള രാജ്യങ്ങളിലൊന്നാണ് വെനസ്വേല. എങ്കിലും, അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ആഗോള എണ്ണ ഉൽപ്പാദനത്തിന്റെ ഒരു ശതമാനം മാത്രമാണു നിലവിൽ വെനസ്വേലയിൽ നടക്കുന്നത്.
അതേസമയം, യുഎസ്-വെനസ്വേല കരാർ ലോകമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ വലിയ വിജയമായി അമേരിക്ക കരാറിനെ വിശേഷിപ്പിച്ചപ്പോൾ, കടുത്ത വിമർശനങ്ങളും ഉയരുന്നുണ്ട്. വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അമേരിക്ക നടത്തുന്ന കൊള്ളയാണിതെന്നും പല അന്താരാഷ്ട്രനിരീക്ഷകരും വിമർശിക്കുന്നു.